പാരീസ് : വിദേശയാത്ര നടത്തുന്ന ഇന്ത്യക്കാര്‍ക്ക് വലിയ ആശ്വാസമായി ഫ്രഞ്ച് സര്‍ക്കാരിന്റെ പുതിയ തീരുമാനം. ഫ്രാന്‍സിലെ വിമാനത്താവളങ്ങള്‍ വഴി മറ്റ് രാജ്യങ്ങളിലേക്ക് പോകുന്ന ഇന്ത്യന്‍ പൗരന്മാര്‍ക്ക് ഇനി മുതല്‍ എയര്‍പോര്‍ട്ട് ട്രാന്‍സിറ്റ് വീസ (ATV) ആവശ്യമുണ്ടാകില്ലെന്ന് ഫ്രഞ്ച് അധികൃതര്‍ അറിയിച്ചു.
നേരത്തെ ഇന്ത്യന്‍ സന്ദര്‍ശനത്തിനിടെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ നല്‍കിയ ഉറപ്പാണ് ഇപ്പോള്‍ ഔദ്യോഗികമായി നടപ്പിലാക്കിയിരിക്കുന്നത്. ഇതോടെ പാരിസ് ഉള്‍പ്പെടെയുള്ള ഫ്രഞ്ച് നഗരങ്ങള്‍ വഴി യൂറോപ്പിന് പുറത്തേക്കും മറ്റും യാത്ര ചെയ്യുന്നവര്‍ക്ക് അധിക സാമ്പത്തിക ബാധ്യതയും നടപടിക്രമങ്ങളും ഒഴിവാകും.
ഫ്രാന്‍സിന്റെ ഈ സുപ്രധാന തീരുമാനത്തെ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം സ്വാഗതം ചെയ്തു. ഇന്ത്യന്‍ യാത്രക്കാര്‍ക്ക് ഏറെ ഗുണകരമാകുന്ന ഈ നീക്കത്തിന് വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ ഫ്രഞ്ച് സര്‍ക്കാരിനോട് നന്ദി രേഖപ്പെടുത്തി. യൂറോപ്യന്‍ രാജ്യങ്ങളിലേക്കും അമേരിക്കയിലേക്കും യാത്ര ചെയ്യുന്ന ലക്ഷക്കണക്കിന് പ്രവാസികള്‍ക്കും വിനോദസഞ്ചാരികള്‍ക്കും ഈ ഇളവ് വലിയ മുതല്‍ക്കൂട്ടാകും.
രണ്ട് രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി വിലയിരുത്തപ്പെടുന്നത്. നിലവില്‍ ഷെഞ്ചന്‍ രാജ്യങ്ങളല്ലാത്ത ഇടങ്ങളിലേക്ക് ഫ്രാന്‍സ് വഴി പോകുന്നവര്‍ക്കായിരുന്നു ട്രാന്‍സിറ്റ് വീസ നിര്‍ബന്ധമായിരുന്നത്.

Comments: